അവിശ്വസനീയമായ 14 ജോലികൾ.. ഇങ്ങനേം ഉണ്ടോ ജോലി !

രാവിലെ 9 മുതൽ വൈകുനേരം 5 മണി വരെയുള്ള ഓഫീസ് ജോലി ചെയ്ത് മടുത്തവരാണ് മലയാളികളിൽ ഭൂരിഭാഗം പേരും. എന്നാൽ നിങ്ങൾക്ക് വിശ്വസിക്കാൻ പോലും കഴിയാത്ത ജോലി ചെയ്ത് ജീവിക്കുന്ന വളരെ ചുരുക്കം ചിലരും ഈ ഭൂഗോളത്തിലുണ്ട്. നിങ്ങൾക്ക് ഒരുപക്ഷെ തോന്നിയേക്കാം, ഇതൊക്കെ ഒരു തൊഴിലാണോയെന്ന്! തുടർന്ന് വായിക്കുക….

14 – ആലിംഗനം ഒരു തൊഴിലാകുമ്പോൾ

യാതൊരു ഉത്തരവാദിത്തങ്ങളും വൈകാരിക കെട്ടുപാടുകളൊന്നുമില്ലാതെ തന്നെ നിങ്ങൾക്ക് മറ്റൊരാളുടെ ആശ്ലേഷമോ ആലിംഗനമൊക്കെ ആസ്വദിക്കാം. അവരുടെ നെഞ്ചോട് പറ്റിച്ചേർന്ന് കിടക്കാം, എത്ര നേരം വേണമെകിലും.

മണിക്കൂറിനനുസരിച്ച് പണം നൽകിയാൽ മതിയാകും…! ഈ നൈമിഷിക സൗഹൃദം സേവനം നല്കാൻ ‘ആലിംഗനവൃത്തി’ ചെയ്ത് ജീവിക്കുന്ന കുറച്ചധികം തൊഴിലാളികൾ പാശ്ചാത്യലോകത്തിലുണ്ട്. മണിക്കൂറിന് 60 മുതൽ 80 ഡോളർ വരെയാണ് ഇവർ വാങ്ങിക്കുന്ന തുക. പ്രത്യേകം ശ്രദ്ധയ്ക്ക്‌: സൗഹൃദ സംഭാഷണങ്ങൾക്കും ആലിംഗനങ്ങൾക്കുമപ്പുറം എന്തെങ്കിലും പ്രതീക്ഷിക്കുന്നുണ്ടെങ്കിൽ നിങ്ങൾ വല്ലാതെ നിരാശപ്പെട്ടേക്കാം.

13 – ഗോൾഫ് ബോൾ മുങ്ങിയെടുക്കുക

ഗോൾഫ് മൈതാനങ്ങളിലെ കുളങ്ങളിൽ മുങ്ങിപ്പോയ ഗോൾഫ് പന്തുകൾ മുങ്ങിയെടുക്കുന്നത് ഉപജീവനമാർഗ്ഗമായി തിരഞ്ഞെടുത്തവരുണ്ട്. ഇതൊരു എളുപ്പമുള്ള ജോലിയാണെന്ന് തീരുമാനിക്കാൻ വരട്ടെ…

ഗോൾഫ് മൈതാനങ്ങളിലെ കുളങ്ങൾ യാതൊരു ശ്രദ്ധയും കിട്ടാതെ കിടക്കുന്ന ജലാശയങ്ങളാണ്.അതുകൊണ്ട് കുളമാകെ കുളമായി കിടക്കുകയാണെന്ന് തന്നെ പറയാം. മാലിന്യവും, ചെളിയും അഴുക്കും പായലുമായി കിടക്കുന്ന ഈ കുളത്തിൽ ഇഴജന്തുക്കളുമുണ്ട്. ഈ ജോലി എന്ത് മാത്രം ക്ലേശം നിറഞ്ഞതാണെന്ന് ഇപ്പോൾ മനസിലായില്ലേ?

12 – വളർത്തുമൃഗങ്ങളുടെ ഭക്ഷ്യ പരിശോധകൻ

നിങ്ങളുടെ വളർത്തുമൃഗങ്ങൾ പോഷകം നിറഞ്ഞ നല്ല ഭക്ഷണമാണോ കഴിക്കുന്നതെന്ന് നിങ്ങൾക്ക്‌ സംശയമുണ്ടോ? എങ്കിൽ ഈ ഭക്ഷ്യ പരിശോധകരെ വിളിക്കാം. ഇവർ വന്ന് നിങ്ങളുടെ വളർത്തുമൃഗത്തിന്റെ ഭക്ഷണപദാർത്ഥങ്ങൾ രുചിച്ച് നോക്കി, അതിന്റെ രുചിയെപ്പറ്റിയും പോഷകഗുണങ്ങളെപ്പറ്റിയുമൊക്കെ കൃത്യമായി പറഞ്ഞുതരും.

11 – പാമ്പിന്റെ വിഷമെടുക്കുന്ന ജോലി

പാമ്പിന്റെ വിഷം വൈദ്യശാസ്ത്ര രംഗത്തിലും മരുന്ന് നിർമ്മാണ കമ്പനികളിലും മറ്റും വളരെയധികം ആവശ്യമുള്ള വസ്തുവാണ്. എന്നാൽ പാമ്പിനെ കയ്യിലെടുത്ത് അതിന്റെ വിഷമെടുക്കുകയെന്നുള്ളത് അത്യന്തം അപകടം നിറഞ്ഞ ഒരു ജോലിയാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. പാമ്പിനെ കൊല്ലാതെയതിന്റെ വിഷം കൃത്യമായി പ്ലാസ്റ്റിക്ക് കുപ്പികളിൽ ശേഖരിക്കാൻ ഇവർക്ക് ചിലപ്പോഴൊക്കെ ഒരു ദിവസം മുഴുവൻ കഷ്ടപ്പെടേണ്ടി വരുന്നു.

10 – ടിഷ്യൂ പേപ്പർ മണത്തുനോക്കുന്ന ജോലി

നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടാകും നിങ്ങളുപയോഗിക്കുന്ന ടിഷ്യൂ പേപ്പറിന് യാതൊരു വിധത്തിലുള്ള ദുർഗന്ധവുമില്ലായെന്നുള്ളത്. എന്നാൽ ഇതിന് കാരണം ടിഷ്യൂ പേപ്പർ മണത്ത് നോക്കുന്നവരുടെ നിതാന്ത പരിശ്രമമാണ്. ടിഷ്യൂ പേപ്പർ കമ്പനികളിലാണ് ഇത്തരം ജോലി ചെയ്യുന്നവരുടെ ആവശ്യം. എന്നാൽ ഈ ജോലി കരസ്ഥമാക്കുകയെന്നുള്ളത് അത്യന്തം ക്ലേശകരമാണ്. അസാധ്യമെന്ന് തന്നെ പറയാം.

9 – മുഖ സ്പർശകർ

ത്വക്ക് പരിചരണ വസ്തുക്കളുടെ കമ്പനികളിലാണ് ഇത്തരം ജോലികൾ കാണാൻ സാധിക്കുക. കമ്പനിയുടെ ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്ന ആളുകളുടെ മുഖം തടവിനോക്കി എന്തെങ്കിലും മെച്ചമുണ്ടാകുന്നുണ്ടോ എന്ന് നോക്കുന്നതിവരാണ്. ഇനിയെന്തെങ്കിലും അപാകതയുണ്ടാകുന്നുണ്ടെങ്കിൽ അതുമിവർ കണ്ട് പിടിക്കും. ഇവരുടെ നിഗമനങ്ങൾ കമ്പനിയുടെ വളർച്ചയ്ക്ക് നിർണ്ണായകമായ പങ്ക് വഹിക്കുന്നു.ഈ ജോലി ചെയ്യാൻ സൂക്ഷ്മമായ നിരീക്ഷണപാടവം ആവശ്യമാണ്.

8 – ക്യൂ നിൽക്കുന്ന ജോലി

ക്യൂ നിൽക്കാൻ ഒട്ടുമിഷ്ടമില്ലാത്തവരുടെ നാടായ കേരളത്തിൽ ഈ ജോലിക്ക് വൻ സാധ്യതകളുണ്ട്. പാശ്ചാത്യ നാടുകളിൽ ഇതൊരു ഉപജീവനമാർഗ്ഗമായി ചെയ്യുന്നവരുണ്ട്. ചിലപ്പോൾ 20 മണിക്കൂർ വരെ ക്യൂ നിൽക്കേണ്ടി വന്നേക്കാം. വളരെയധികം മടുപ്പുളവാക്കുന്നൊരു ജോലിയാണിതെങ്കിലും ധാരാളം പണം സമ്പാദിക്കാനാകും.

7 – വാട്ടർ സ്ലൈഡ് പരിശോധകൻ

വാട്ടർ തീം പാർക്കുകളിലെ വാട്ടർ സ്ലൈഡറുകളിലൂടെ നിരങ്ങിയിറങ്ങാൻ നിങ്ങൾക്ക് പണം കൊടുത്ത് ടിക്കറ്റെടുക്കണമെങ്കിൽ, ഓരോ പ്രാവശ്യവും അതിലൂടെ നിരങ്ങിയിറങ്ങുന്നതിന് ശമ്പളം വാങ്ങിക്കുന്നവരെപ്പറ്റി നിങ്ങളുടെ അഭിപ്രായമെന്താണ്? അതെ അങ്ങനെ കുറച്ചുപേർ ഉണ്ട്.വാട്ടർ തീം പാർക്കുകളിലാണ് അവർ ജോലി ചെയ്യുന്നത്. ഇത്തരം വാട്ടർ സ്ലൈഡറുകളിലൂടെ പല പ്രാവശ്യം നിരങ്ങിയിറങ്ങി അതിന്റെ സുരക്ഷ പരിശോധിക്കുക, സ്ലൈഡറിൽ എത്ര വെള്ളം കെട്ടി നിൽക്കണെമെന്ന് നിർണ്ണയിക്കുക, എത്ര വേഗത്തിൽ പോകുന്നതാണ് ഉചിതമെന്ന് നിർണ്ണയിക്കുക തുടങ്ങിയ ജോലികളാണ് ഇവർ ചെയ്യുന്നത്.

6 – മെത്ത പരിശോധകൻ

മെത്ത കമ്പനികൾക്കും 5 സ്റ്റാർ ഹോട്ടലുകൾക്കും വേണ്ടി മെത്ത പരിശോധിക്കുന്നത് ഇവരാണ്. വെറുതെ കിടന്നുറങ്ങുന്നതിന് ശമ്പളമോ? അതെ, ഇതിലും നല്ല ജോലി സ്വപ്നങ്ങളിൽ മാത്രം. പക്ഷെ ഇത് സ്വപ്നം കാണുന്ന പോലെ അത്രയെളുപ്പമല്ല.

ഒരു മികച്ച പരിശോധകൻ മെത്തയ്ക്ക് കുഴിവുണ്ടോ, ചെരിവുണ്ടോ, അഗ്രങ്ങൾക്ക് ഘനമുണ്ടോയെന്നൊക്കെ അറിയാൻ വിവിധ രീതികളിൽ കിടന്ന് പരിശോധിക്കാൻ പഠിച്ചിരിക്കണം. ചുരുക്കത്തിൽ ഉറക്കത്തിലും ഉണർന്നിരുന്ന് നിരീക്ഷിക്കാൻ പഠിക്കണം.

 

5 – ശരീര ഭാഗങ്ങൾക്ക് വേണ്ടിയുള്ള മോഡൽ

നിങ്ങൾക്ക് ആകർഷകമായ കയ്യോ കാലൊയൊക്കെ ഉണ്ടെങ്കിൽ നിങ്ങളെ ധാരാളം മോഡലിംഗ് അവസരങ്ങൾ കാത്തിരിക്കുന്നു. വായിച്ചത് ശരിയാണ്. പരസ്യചിത്രങ്ങൾക്കായി നിങ്ങളുടെ കയ്യുടെയോ കാലിന്റെയോ മാത്രം ചിത്രങ്ങൾ ആവശ്യമുള്ള കമ്പനികളുണ്ട്. ഇനി അത്ര ഭംഗിയില്ല, അൽപ്പം വൃത്തികേടുണ്ടെങ്കിലോ? അതിനും വിപണിയിൽ നല്ല സാധ്യതകളുണ്ട്. പരസ്യചിത്രത്തിനായി അത്തരം അംഗങ്ങളുടെ ചിത്രങ്ങൾ തേടി നടക്കുന്ന ഉൽപ്പന്നങ്ങളും വിപണിയിലുണ്ട്.

4 – മണ്ണിരയെ പിടിക്കുന്ന ജോലി

മണ്ണിൽ സമയം ചിലവഴിക്കാനിഷ്ടപ്പെടുന്ന വ്യക്തിയാണെങ്കിൽ ഈ ജോലി നിങ്ങളിഷ്ടപ്പെടും.പുഴകളിലും തോടുകളിലും മീൻപിടിക്കാൻ പോകുന്നവർക്ക് മണ്ണിരയുടെ ആവശ്യമുണ്ട്. ഇവർക്ക് മണ്ണിരയെത്തിച്ച് കൊടുക്കലാണ് ഇവരുടെ പണി.

3 – സാഹസിക സ്റ്റണ്ടുകൾ പരിശോധിക്കുന്ന ജോലി

എക്സ് ഫാക്ടർ, ഫിയർ ഫാക്ടർ തുടങ്ങിയ അന്താരാഷ്ട്ര സാഹസികഷോകളിൽ കാണിക്കുന്ന സ്റ്റണ്ടുകൾ നിങ്ങൾക്ക് ഒരേ സമയം ഭീതിയും ഉത്സാഹവും നിറയ്ക്കുന്നതായിരിക്കാം. ജീവനോടെയുള്ള വണ്ടുകളെ ഭക്ഷിക്കുക തുടങ്ങിയ ചലഞ്ചുകൾ മത്സരാർത്ഥിക്ക് കൊടുക്കുന്നതിന് മുൻപ് സ്റ്റണ്ട് പരിശോധകരെക്കൊണ്ട് ഇത്തരം സാഹസങ്ങൾ ചെയ്യിപ്പിച്ച് ചലഞ്ചിന്‌ അപകടമൊന്നുമില്ലെന്ന് ഉറപ്പ് വരുത്തും. ഈ അപകടം നിറഞ്ഞ ജോലി ചെയ്യുന്നവർക്ക്‌ വലിയൊരു തുകയാണ് ശമ്പളമായി നൽകുന്നത്.

2 – നഗ്ന മോഡൽ

നഗ്ന മേനി പ്രദർശിപ്പിക്കുന്നത് സദാചാരവിരുദ്ധമായാണ് കാണുന്നത്. എന്നാൽ ഇവർ ചിത്രകലാകാരന്മാർക്കുള്ള മോഡലാകാൻ വേണ്ടിയാണ് ഇവർ നഗ്ന മേനി പ്രദർശിപ്പിക്കുന്നത്. ഫോട്ടോഗ്രാഫർമാരുടെ മുന്നിൽ പോസ് ചെയ്യുന്ന പോലെ അത്രയെളുപ്പമല്ലിത്. മണിക്കൂറോളം അനങ്ങാതെ കലാകാരന്മാരുടെ മുൻപിൽ അനങ്ങാതെയിരിക്കേണ്ടി വരും.

1 – കക്ഷം മണത്ത് നോക്കുന്നവർ

എന്തൊരു വൃത്തികെട്ട ജോലിയാണിത്…ഈ ജോലിയൊക്കെ ചെയ്യുന്നത് അൽപ്പം പോലും ആത്മാഭിമാനമില്ലാത്തവരാണ് എന്നൊക്കെ ചിന്തിക്കാൻ വരട്ടെ. ഡിയോഡ്രന്റ് കമ്പനികളിലാണ് ഇത്തരം ജോലികൾ കണ്ടുവരുന്നത്.

ഉഷ്ണമുള്ള മുറികൾക്കുള്ളിലും പുറത്തുമൊക്കെയായി മണിക്കൂറിൽ അറുപതോളം പേരുടെ കക്ഷം ഇവർക്ക് മണത്ത് നോക്കേണ്ടി വരുന്നുണ്ട്. അവരുടെ നിഗമനങ്ങളാണ് ലോകമൊട്ടാകെയുള്ള മനുഷ്യർ വാസനയ്ക്കായി ഉപയോഗിക്കുന്ന മികച്ച ഡിയോഡ്രന്റുകൾ.