അവൻ കരഞ്ഞിട്ടല്ല, കരളുറഞ്ഞിട്ടാണ് പറയുന്നത്….പറഞ്ഞു തീരും മുൻപേ ഫോൺ കട്ടു ചെയ്തു

” എന്റെ ഭാര്യയുടെ നഗ്നമായ വീഡിയോ വാട്സ് ആപ്പിലൂടെ പ്രചരിക്കുന്നു…ഞാനും അവളും നാളെ ഒരു കയർ തുമ്പിൽ അവസാനിക്കുകയാണ്….പക്ഷെ അതിനു മുൻപ് ഇതു പ്രചരിപ്പിച്ചവനെതിരെ എനിക്കൊരു പരാതിയെങ്കിലും കൊടുക്കണം …നീ നാളെ മണ്ണാർക്കാട് പോലീസ് സ്റ്റേഷൻ വരെ എന്റെ കൂടെ ഒന്നു വരുമോ….”

അവൻ കരഞ്ഞിട്ടല്ല, കരളുറഞ്ഞിട്ടാണ് പറയുന്നത്….പറഞ്ഞു തീരും മുൻപേ ഫോൺ കട്ടു ചെയ്തു…
ആറേഴു മാസങ്ങൾക്കു മുൻപൊരു ദിവസം മരമില്ലിൽ പണി തരുമോ എന്നു ചോദിച്ചു വന്ന മുപ്പതു വയസുകാരൻ..
അച്ഛൻ ചെറുപ്പത്തിൽ മരിച്ചിരിക്കുന്നു.. രണ്ടു വർഷങ്ങൾക്കു അമ്മയും… ഭാര്യയുണ്ട്…
പണിക്കു വന്നതിന്റെ മൂന്നാം ദിവസം ചെന്നപ്പോഴുണ്ട് ഒരു മൂന്നു വയസ്സുകാരി കുസൃതിക്കുടം അവന്റെ കൂടെ ഷെഡിൽ പണി സ്ഥലത്തിരുന്നു മണ്ണിൽ കളിക്കുന്നു ….

മകളാണ്…കുറുമ്പാണ്…കൂടെപ്പോരാൻ കരച്ചിലാണ്
അവന്റെ ഫോൺ കാൾ വല്ലാതെ വേദനിപ്പിച്ചു…ആ കുഞ്ഞിന്റെ മുഖം അന്നെന്റെ ഉറക്കം കെടുത്തി…
രാവിലെ ഒൻപതിന് തന്നെ നാട്ടുകൽ പോലീസ് സ്റ്റേഷന്റെ മുന്നിലെത്തി …അവർ അവിടെ കാത്തു നിൽക്കുന്നുണ്ട്….അവന്റെ ഭാര്യയായ ആ പെൺകുട്ടിയുണ്ട്….മില്ലിൽ വരാറുള്ള മൂന്നു വയസ്സുകാരി കുസൃതിയുടെ തനി പകർപ്പ്….
പക്ഷെ കണ്ണല്ല , കരൾ കരഞ്ഞു തീർത്ത മുഖം…
ഞാൻ അവനെ വിളിച്ചു മാറ്റി നിർത്തി കാര്യങ്ങൾ തിരക്കി…അവനൊരു വീഡിയോ കാണിച്ചു…ആ പെൺകുട്ടി തന്റെ നഗ്നത
ആർക്കോ വേണ്ടി പകർത്തിയതാണ് …

എനിക്കു വല്ലാത്ത ജാള്യത തോന്നി…ഇത്തരം ഒരു വീഡിയോ ഇതിനു മുൻപ് കാണാഞ്ഞിട്ടല്ല..ഒട്ടൊരു കൗതുകത്തോടെ നോക്കി നിൽക്കാഞ്ഞിട്ടുമല്ല…പക്ഷെ ഇതങ്ങനെയല്ല …ഇതു വേദനയാണ്…ഒരു കൊത്തുളി കൊണ്ടു കുടുംബം പുലർത്തുന്നവന്റെ നെഞ്ചകം തകരുന്ന നൊമ്പരത്തീയ്യാണ് …ഞാൻ ആ പെൺകുട്ടിയെ ഒന്നു നോക്കി…എന്തിനാണ് മോളെ ഈ പാതകം ചെയ്തത്…ഈ കഴപ്പു തീർക്കലിന് നീ കണക്കു പറയേണ്ടി വരും…
അവൻ ശബ്ദം കനപ്പിച്ചു പറഞ്ഞു…”അവളെ നോക്കണ്ട..ഇതവളല്ല…അല്ല…ഇതെന്റെ പെണ്ണല്ല… മുഖം മാത്രമാണ് അവളുടേത്‌ …ശരീരമല്ല…ഉറപ്പ്…ഏഴര വർഷക്കാലമായി ഞാൻ കാണുന്നതാണിവളെ….നാട്ടുകാർ മുഴുവൻ വിശ്വാസിക്കുന്നത് ഇതിവളാണെന്നാണ്.. പക്ഷെ അല്ല..എനിക്കുറപ്പുണ്ട്….അല്ലെന്നു തെളിയിക്കാൻ ആൾക്കാരുടെ മുന്നിൽ എന്റെ പെണ്ണിനെ തുണിയഴിച്ചു നിർത്താൻ കഴിയില്ലല്ലോ…”

ഞാൻ ഒരു തവണ കൂടി ഫോണെടുത്തു നോക്കി …അവൻ പറയുന്നത് വിശ്വസിക്കാൻ പ്രയാസമാണ്…മോർഫിങിന്റെ ഒരു ലക്ഷണവും ആ വീഡിയോയിൽ കാണാനില്ല…പക്ഷെ അവൻ പറയുന്നത് വിശ്വസിക്കുകയല്ലാതെ നിവൃത്തിയില്ല…. തെളിയിക്കാൻ ആ പെൺകുട്ടിയെ ജനമധ്യത്തിൽ തുണിയുരിച്ചു നിർത്താൻ ആവില്ലല്ലോ…
ഞങ്ങൾ സ്റ്റേഷനിലേക്ക് ചെന്നു..
പോലീസ് സ്റ്റേഷനിൽ വെച്ചു ആ വീഡിയോ പലതവണ പലരും പ്ലേയ് ചെയ്തു….പലതവണ വിശകലനം ചെയ്യപ്പെട്ടു…ആൾ കൂട്ടത്തിൽ തുണിയുരിഞ്ഞകണക്കെ ആ പെൺകുട്ടി നിസ്സഹായയായി നിന്നു … ഞാൻ അവനെയും കൂട്ടി ഒരു പരാതി എഴുതാൻ പുറത്തേക്കിറങ്ങി ..അവളെ വനിതാ പോലീസുകാർ ഉള്ളിലേക്ക് കൊണ്ടുപോയി..
പോലീസ് ആ പെൺകുട്ടിയെ പലതവണ ചോദ്യം ചെയ്തു.സഭ്യതയുടെ എല്ലാ അതിർ വരമ്പുകളും ലംഘിക്കപ്പെട്ടു.അശരീരി കണക്കെ ഞങ്ങൾ അതെല്ലാം വരാന്തയിലിരുന്നു കേട്ടു…

അവരെ കുറ്റം പറയാൻ കഴിയില്ല..ആ വിഡിയോ കണ്ടാൽ അതവളല്ലെന്നു ആരും പറയില്ല..പരാതി സ്വീകരിക്കുന്നതിനു മുൻപ് സത്യാവസ്ഥ തെളിയിക്കാൻ ശ്രമിക്കുകയാണവർ..ആ പെൺകുട്ടിയുടെ ശബ്ദം നേർത്തു നേർത്തു വന്നു…ഒടുവിലവൾ പുറത്തു വന്നു…തണ്ടൊടിഞ്ഞ താമര കണക്കെ അവന്റെ തോളത്തേക്കു ചാഞ്ഞു…
മതി…എനിക്കിനി പരാതി കൊടുക്കേണ്ട ..എനിക്കിനി പരാതിയില്ല…..എന്റെ വിധി …കരഞ്ഞു കൊണ്ടാണ് പറയുന്നത്….ഞാനവരെ വീട്ടിലേക്കു കൊണ്ടു ചെന്നാക്കി….മുറ്റത്തൊരു മുത്തശ്ശിയുടെ കൂടെ ആ കുസൃതിക്കുടം ഇരിക്കുന്നുണ്ട്…ചിരിക്കുന്നു…

രണ്ടു നാൾ ഞാനവനെ പലതവണ വിളിച്ചു…ഉത്തരമുണ്ടായില്ല ..മൂന്നാം നാൾ വീട്ടിലേക്കു പോയി നോക്കി…അവിടെ ആരുമില്ല…വീടുപൂട്ടി പോയിരിക്കുന്നു…മുറ്റത്തു അയലിലൊരു കീറിയ കുഞ്ഞുടുപ്പു മാത്രം തൂങ്ങി കിടക്കുന്നുണ്ട്
ഞാൻ തിരിച്ചു പോലീസ് സ്റ്റേഷനിലേക്ക് പോയി ….
അവർ അന്വേഷിച്ചിട്ടുണ്ട്..ആ വീഡിയോ അയച്ചു കൊടുത്ത പയ്യനിലേക്ക് ..അവനിൽ നിന്നു മറ്റൊരുവനിലേക്കു…പിന്നെ മറ്റൊരാളിലേക്ക് …ആ കണ്ണി അവസാനിച്ചത് മണ്ണാർക്കാട്ടെ ഒരു നെറ്റ് കഫേയിലേക്കാണ്…ഒടുവിൽ അതിന്റെ ചുരുളഴിഞ്ഞു…അതൊരു തമിഴ്നാട്ടുകാരി സ്ത്രീയുടെ വീഡിയോ ആണ്…അവളാവട്ടെ….ഇവന്റെ ഭാര്യയുടെ ഫോട്ടോസ്റ്റാറ്റ് കണക്കെ സാദൃശ്യമുള്ളവളും…

ഒരാളെ പോലെ ഏഴു പേരുണ്ടാവും എന്ന് പറയാറില്ലേ …അത്തരത്തിൽ ഒന്ന്… അവളുടെ പല രൂപത്തിലും പല കോലത്തിലുമുള്ള പല തരം വീഡിയോകൾ അവൾ തന്നെ പ്രചരിപ്പിക്കുന്നുണ്ട്….വേണമെങ്കിൽ കേസ് എടുക്കാം….പബ്ലിക് ന്യൂഡിറ്റിക്ക് 200 രൂപ പിഴ അടപ്പിക്കാം…
ഞാൻ തിരിഞ്ഞു നടന്നു….മനസ്സിൽ അപ്പോളും മുഴങ്ങി കേൾക്കുന്നുണ്ട്….വേണമെങ്കിൽ 200 രൂപ പിഴയടപ്പിക്കാം….ഒരു നിരപരാധിയായ പെൺകുട്ടിയുടെ മാനത്തിന്റെ വിലയാണ്….ആ കുസൃതിക്കുടത്തിന്റെ അമ്മയുടെ മാനത്തിനു നീതിപീഠമിട്ട വിലയാണ് …

സ്ത്രീയാണ് പീഡിപ്പിക്കപ്പെട്ടതെങ്കിലും സ്ത്രീയാലാണ് പീഡിപ്പിക്കപ്പെട്ടതെങ്കിലും സ്ത്രീ പീഡനത്തിന്റെ വകുപ്പല്ല…
നിന്റെയും എന്റെയും അപരന്മാർക്കു കാൽതുടകൾക്കിടയിലെ കഴപ്പ് തീർക്കാൻ അതു മറ്റുള്ളവർക്ക് കാണിച്ചു കൊടുക്കാൻ തോന്നാത്തിടത്തോളം കാലം നമ്മൾ സുരക്ഷിതരാണ്…അതു വരെമാത്രം
കടപ്പാട് : സുഹൈൽ പല്ലത്ത്

You may also like...

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!