ഗർഭിണിയായസമയത്ത് ദുബായിൽ പാകിസ്ഥാനി ഡ്രൈവറുടെ ടാക്സിയിൽ യാത്ര ചെയ്ത ഇന്ത്യൻ യുവതിക്കുണ്ടായ ഒരു അനുഭവം

പ്രെഗ്നന്റായിരിക്കുമ്പോൾ 3 വയസുള്ള മകളുമൊത്ത്‌ പാകിസ്ഥാനി ഡ്രൈവറിന്റെ ടാക്സിയിൽ യാത്ര ചെയ്ത മലയാളി യുവതിയുടെ അനുഭവം..
ഒരിക്കൽ ഞാൻ ഇവിടെ (ദുബായ്‌) ടാക്സിയിൽ യാത്ര ചെയ്യുകയായിരുന്നു. ഇവിടെ ടാക്സി ഓടിക്കുന്നതിൽ മിക്കവാറും പാകിസ്താനികൾ ആണ്. വളരെ ചുരുക്കം ഇന്ത്യക്കാരെ ഉളളൂ..

അങ്ങനെ ഒരിക്കൽ ടാക്സിയിൽ യാത്ര ചെയ്യുക ആയിരുന്നു, ഞാൻ അന്ന് pregnant ആണ്. കൂടെ 3 വയസ്സുള്ള മോളും ഉണ്ട്. ഞാൻ പൊതുവെ ടാക്സിയിൽ കയറിയാൽ ഡ്രൈവറോട് എന്തെങ്കിലും ഒന്നു സംസാരിക്കും, അന്നും ഓടിച്ചിരുന്ന ആളോട് ഞാൻ ചോദിച്ചു,

“ഈ കഴിഞ്ഞ ആഴ്ച പാകിസ്ഥാനിൽ ഭൂകമ്പം ഉണ്ടായല്ലോ, തങ്ങളുടെ കുടുംബം സുരക്ഷിതമല്ലേ… ”

“അതേ, ഈശ്വര കൃപ കൊണ്ടു അവരെല്ലാം സുരക്ഷിതരാണ്.”

അപ്പോഴാണ് ഞാൻ അദ്ദേഹത്തെ ശ്രദ്ധിക്കുന്നത്, ഒരു 55-60 വയസ്സ് ഉണ്ടാകും. അദ്ദേഹം സംസാരിക്കാൻ ഒരാളെ കിട്ടിയ സന്തോഷത്തിലായിരുന്നു. അദ്ദേഹത്തിന്റെ ഭാര്യവീട്ടുകാർ ഇവിടെ ദുബായിൽ തന്നെ ഉണ്ടെന്നും, അവരുമായി പിണക്കത്തിലാണെന്നും പറഞ്ഞു. എന്നെ പോലെ ഒരു മോളുണ്ടെന്നും അവളെ കാണാൻ പോലും അവർ അനുവദിക്കുന്നില്ലെന്നും പറഞ്ഞു. പാവം, കുറെ സംസാരിച്ചു, എന്തോ, വളരെ നാളത്തെ പരിചയം ഉള്ള പോലെ ആണ് സംസാരിക്കുന്നതു. ഞാൻ കേട്ടിരുന്നു.

ഞാൻ കേരളത്തിൽ നിന്നും ആണെന്ന് കേട്ടപ്പോൾ സന്തോഷത്തോടെ പറഞ്ഞു “ദൈവത്തിന്റെ സ്വന്തം നാടല്ലേ, എനിക്ക് കുറെ മലയാളി സുഹൃതുക്കൾ ഉണ്ട്, ഒരിക്കലെങ്കിലും എനിക്ക് നിങ്ങളുടെ നാട്ടിൽ വരണമെന്ന് ഉണ്ട്, നല്ല സ്നേഹമുള്ളവർ ആണ് മലയാളികൾ, ആർക്കു എന്ത് ആവശ്യമുണ്ടെങ്കിലും ഓടി എത്തുന്നവർ” എനിക്ക് കേട്ടപ്പോൾ സന്തോഷം തോന്നി.

പിന്നെ പറഞ്ഞു, “പക്ഷെ എനിക്ക് വിസ കിട്ടാൻ ബുദ്ധിമുട്ടാണ് മോളെ, ഞാൻ പാകിസ്താനി അല്ലെ.. ”

പിന്നെയും ഞങ്ങൾ കുറെ സംസാരിച്ചു, ഇറങ്ങാൻ നേരം പറഞ്ഞു..

“എന്തായാലും മോളോട് സംസാരിച്ചപ്പോൾ സന്തോഷം തോന്നി, എന്റെ മോളോട് സംസാരിച്ച പോലെ തോന്നി.. മോൾക്ക്‌ ഈശ്വരൻ നല്ലൊരു കുഞ്ഞിനെ തരട്ടെ, ആണോ പെണ്ണോ എന്നല്ല കാര്യം, നല്ല മക്കളെ കിട്ടാൻ പുണ്യം ചെയ്യണം”

പിന്നെ ഒന്ന് കൂടി പറഞ്ഞു ” നിങ്ങളുടെ നാട്ടിൽ വരണം എന്നുണ്ട്, insha allah.. എപ്പോഴെങ്കിലും വരണം.. अल्लाह ने बस जगह।बनाई थी, लकीरें हमने बनाई हैं “ഈശ്വരൻ ഈ ഭൂമി മാത്രമേ ഉണ്ടാക്കിയുള്ളു, അതിൽ അതിർത്തി തീർത്തതു മനുഷ്യരല്ലേ. ”

ഞാൻ യാത്ര പറഞ്ഞു ഇറങ്ങിയപ്പോൾ എന്റെ.മനസ്സിൽ ഇതു തന്നെയായിരുന്നു, ശെരിയല്ലേ അദ്ദേഹം പറഞ്ഞത്, ഈ ഭൂമിയേയും മനുഷ്യരെയും സൃഷ്ടിച്ചതു ഈശ്വരൻ, യേശു, പടച്ചോൻ, തമ്പുരാൻ പല പേരിൽ അറിയപ്പെടുന്ന ആ അദൃശ്യ ശക്തി. അതിനെ അതിർത്തി കൊണ്ടു ആകത്തിയതും, ജാതി, മതം, ഭാഷകൾ, രാഷ്ട്രീയം ഇതൊക്കെ ഉണ്ടാക്കിയത് നമ്മളല്ലേ.. ഇന്ന് എന്തിന്റെ പേരിലും മതവും രാഷ്ട്രീയവും കലർത്തുമ്പോൾ വളരെ വിഷമം തോന്നുന്നു.

നമ്മളുടെ അച്ഛനോ, അമ്മയോ,കൂടപിറപ്പോ, മക്കളോ, അത്യാസന്ന നിലയിൽ കിടക്കുമ്പോൾ നോക്കുമോ ഈ ജാതി രാഷ്ട്രീയ ചേരിതിരിവ്. അന്ന് ദാനമായി കിട്ടുന്ന ചോരയ്ക്കോ, ഹൃദയത്തിനോ, കരളിനോ ജാതിയോ മതമോ, രാഷ്ട്രീയ പാർട്ടിയോ കാണില്ല. മനുഷ്യനെ ജാതിയുടെയോ മതത്തിന്റെയോ രാഷ്ട്രീയതിന്റെയോ അടിസ്ഥാനത്തിലല്ലാതെ മനുഷ്യനായി കാണൂ.
രേണു ഷേണായി

You may also like...

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!