ദുൽഖർ സൽമാൻ ഇർഫാൻ ഖാനോടൊപ്പം ബോളിവുഡ് ചിത്രത്തിൽ !!

മലയാളത്തിന്റെ സ്വന്തം നായകൻ ദുൽഖർ സൽമാൻ ഇർഫാൻ ഖാനോടൊപ്പം ബോളിവുഡ് ചിത്രത്തിൽ.UTV ഗ്രൂപ്പിന്റെ സ്ഥാപകൻ കൂടിയായ റോണി സ്ക്രിവാല ആണ് ചിത്രത്തിൻറെ നിർമാതാവ്.’ഗേള്‍ ഇന്‍ ദി സിറ്റി’ എന്ന വെബ് സിരീസിലൂടെയും “ഫിൽട്ടർ കോപ്പി” എന്ന ഫേസ്ബുക് പേജിലൂടെയും ഏറെ ശ്രദ്ധേയയായ മിഥില (Mithila Palkaar) ആണ് ചിത്രത്തില്‍ നായിക. സിനിമാ, നാടക നടനും തിരക്കഥാകൃത്തുമായ ആകര്‍ഷ് ഖുറാനയാണ് ചിത്രം സംവിധാനം.ഹുസൈന്‍ ദലാലിനൊപ്പം ‘യേ ജവാനി ഹേ ദീവാനി’, 2 സ്റ്റേറ്റ്സ് എന്നീ ചിത്രങ്ങളുടെ രചന നിര്‍വ്വഹിച്ചയാളാണ് ആകര്‍ഷ് ഖുറാന.

മലയാളത്തിന് പുറമെ തമിഴിലും സാന്നിധ്യമറിയിച്ച ദുല്‍ഖര്‍ ബോളിവുഡ് അരങ്ങേറ്റത്തിന് ഒരുങ്ങുന്നതായി നേരത്തേ വാര്‍ത്തകളുണ്ടായിരുന്നു. പല സംവിധായകരുടെയും പേരുകള്‍ അക്കാര്യത്തില്‍ പറഞ്ഞുകേട്ടെങ്കിലും ഏറ്റവും അവസാനം മലയാളിയായ ബോളിവുഡ് സംവിധായകന്‍ ബിജോയ് നമ്പ്യാരുടെ പേരാണ് ദുല്‍ഖറിന്റെ ബോളിവുഡ് അരങ്ങേറ്റവുമായി ബന്ധപ്പെട്ട് കേട്ടത്. സോളോയില്‍ ദുല്‍ഖറിനൊത്തുള്ള അനുഭവം ബിജോയ്ക്ക് ഏറെ മതിപ്പുളവാക്കിയെന്നും ഹിന്ദിയില്‍ ചെയ്യാന്‍വേണ്ടി നേരത്തേ തയ്യാറാക്കിയ ഒരു തിരക്കഥയില്‍ ദുല്‍ഖറിനെ നായകനാക്കാന്‍ അദ്ദേഹത്തിന് ആലോചനയുണ്ടെന്നും അടുത്തവൃത്തങ്ങളെ ഉദ്ധരിച്ച് ചില ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

മുന്‍പ് യുടിവി മോഷന്‍ പിക്ചേഴ്സിന്റെ ബാനറില്‍ അനേകം ശ്രദ്ധേയ സിനിമകള്‍ നിര്‍മ്മിച്ച റോണി സ്‌ക്രൂവാല പുതുതായി ആരംഭിച്ച നിര്‍മ്മാണ കമ്പനി ‘റോണി സ്‌ക്രൂവാല പ്രൊഡക്ഷന്‍സി’ന്റെ (ആര്‍എസ്വിപി) ആദ്യ പ്രോജക്ടാണ് ദുല്‍ഖര്‍-ഇര്‍ഫാന്‍ ഖാന്‍ ചിത്രം.

പുതിയ കമ്പനിയുടെ അരങ്ങേറ്റ ചിത്രത്തിനുവേണ്ടി ഒട്ടനവധി തിരക്കഥകളില്‍ നിന്നാണ് റോണി ദുല്‍ഖര്‍ ചിത്രത്തിന്റെ തിരക്കഥ തെരഞ്ഞെടുത്തതെന്നാണ് വിവരം,ചിത്രത്തിന്റെ കൂടുതല്‍ ഭാഗങ്ങളും കേരളത്തില്‍ വച്ചാണ് ചിത്രീകരിക്കുകയെന്നറിയുന്നു. പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ക്കായി അണിയറ പ്രവര്‍ത്തകര്‍ രണ്ടാഴ്ചയോളം കേരളത്തില്‍ തങ്ങിയെന്നാണ് റിപ്പോര്‍ട്ട്.

ദുല്‍ഖര്‍ തെലുങ്കില്‍ ആദ്യമായി അഭിനയിക്കുന്ന മഹനദിയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. ചിത്രത്തില്‍ ജെമിനി ഗണേശനായിട്ടാണ് താരമെത്തുന്നത്. മലയാളത്തില്‍ ബിജോയ് നമ്പ്യാര്‍ സംവിധാനം ചെയ്ത സോളോ, സൗബിന്‍ സാഹിറിന്റെ പറവ എന്നിവയാണ് ഉടന്‍ പുറത്തിറങ്ങാന്‍ പോകുന്ന ദുല്‍ഖര്‍ ചിത്രങ്ങള്‍.

error: Content is protected !!