ബാപ്പ

ഇക്കാ, ഞാന്‍ തിരിച്ചു പോവുമ്പോള്‍ ബാപ്പാനെ കൂടി കൂടെ കൂട്ടിക്കോട്ടെ? ബാപ്പാനോട് ഒന്ന് വിളിച്ചു ചോദിക്കാം കൂടെ വരുന്നോ എന്ന്”
ഭാര്യയുടെ ചോദ്യം അയാളില്‍ വല്ലാതെ തേങ്ങല്‍ ഉയര്‍ത്തി.
ഒരു മാസത്തെ വിസിറ്റ് വിസക്ക് ദുബായിലുള്ള ഭര്‍ത്താവിന്‍റെഅരികിലേക്ക് വന്നതാണവള്‍. വന്ന അന്ന് മുതല്‍ പറയുന്നതാണ് ദുബായിലുള്ള ബാപ്പാനെ കാണാന്‍ പോവണം എന്ന്. എന്നാല്‍ ബാപ്പയാവട്ടെ “ഇത് വളരെ ദൂരമുള്ള സ്ഥലമാണ് മോളെ, വരാന്‍ കുറെ വിഷമിക്കും, കുറച്ചു മാസങ്ങള്‍ കഴിഞ്ഞാല്‍ ഞാനും നാട്ടിലേക്കു വരികയല്ലേ അപ്പോള്‍ കാണാം എന്ന് പറഞ്ഞു ഒഴിഞ്ഞു മാറുകയായിരുന്നു. എന്നാല്‍ അവള്‍ വിട്ടില്ല.
അങ്ങിനെ വാശി ഏറിയപ്പോള്‍ അയാള്‍ അവളെയും കൂട്ടി ഒരു ദിവസം യാത്രയായി. വാഹനം ദുബായ് നഗരവും കടന്നു അകലേക്ക്‌ നീങ്ങാന്‍ തുടങ്ങി. കുറെ നീങ്ങിയപ്പോള്‍ വിജനമായ റോഡുകള്‍ മാത്രം മുമ്പില്‍. അപൂര്‍വമായി മാത്രം വാഹനങ്ങള്‍. റോഡരികില്‍ കടകള്‍ പോലുമില്ല. പിന്നീട് റോഡും കഴിഞ്ഞു മണ്ണിലൂടെയായി യാത്ര. അവള്‍ ആകെ പരിഭ്രാന്തയായി കാണപ്പെട്ടു അപ്പോള്‍.
ഏതാണ്ട് ഒരു മണിക്കൂര്‍ ഓട്ടം കഴിഞ്ഞപ്പോള്‍ വാഹനം ബാപ്പ ജോലി ചെയ്യുന്ന സ്ഥലത്തെത്തി.
വിജനമായ ചുട്ടു പൊള്ളുന്ന ഒരു പ്രദേശം.
വാഹനത്തില്‍ നിന്നും ഇറങ്ങുന്ന അവരെ സാകൂതം നോക്കുന്ന ഏതൊക്കെയോ രാജ്യക്കാര്‍.
പലരും മാസങ്ങളായി കുളിചില്ലെന്നു തോന്നും കണ്ടാല്‍. അവള്‍ കണ്ണ് കൊണ്ട് ബാപ്പാനെ തിരയുകയായിരുന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ തന്‍റെ മുന്നിലേക്ക്‌ കടന്നു വന്ന ബാപ്പാന്‍റെ ഒട്ടിയ കവിളും ക്ഷീണിച്ച മുഖവും അവളില്‍ നോവ്‌ പടര്‍ത്തി.
ബാപ്പാന്‍റെ തോളിലേക്ക് വീണു അവള്‍ പൊട്ടിക്കരഞ്ഞു.
അവളെ ആശ്വസിപ്പിച്ചു ബാപ്പ റൂമിലേക്ക്‌ കൂട്ടിക്കൊണ്ടു പോയി. സ്വന്തം വീട്ടിലെ ബാത്തുറൂമിന്‍റെഅത്രയും മാത്രം വരുന്ന റൂമില്‍ രണ്ടു നിലകളില്‍ ആയി കട്ടിലുകള്‍.
റൂമിന്‍റെ അത്ര സുഖകരമല്ലാത്ത മണവും വാര്‍ദ്ധക്യം കടന്ന എസിയുടെ മുരള്‍ച്ചയും അവളില്‍ എന്തോ ഭീതി ജനിപ്പിച്ചു. ആരോ കൊണ്ട് വന്ന സുലൈമാനിക്ക് പച്ച വെള്ളത്തിന്‍റെ രുചി പോലും അവള്‍ക്കു തോന്നിയില്ല.
ഇടക്കൊന്നു ബാത്തുറൂമില്‍ കയറിയ അവള്‍ തീര്‍ത്തും വൃത്തിഹീനമായ അവിടം കണ്ടു തിരിച്ചിറങ്ങി. ഇടയ്ക്കു ഒരു അറബി വന്നു ബാപ്പയോട് ബഹളം വെച്ചപ്പോള്‍ ബാപ്പ അയാളോട് എന്തോ താണു വണങ്ങി അപേക്ഷിക്കുന്നത് കണ്ടു.
അവള്‍ക്കു സങ്കടം സഹിക്കാന്‍ കഴിഞ്ഞില്ല. തന്‍റെ ബാപ്പ ഇവിടെ….ഈ വിജനയമായ മരുഭൂമിയില്‍…
നഗരത്തിന്‍റെ മണവും രുചിയും അറിയാതെ….ഇതെല്ലാം സഹിച്ചു… കഴിഞ്ഞ ഇരുപത്തി രണ്ടു വര്‍ഷമായി…
ആലോചിച്ചപ്പോള്‍ അവള്‍ക്കു തല കറങ്ങുന്നത് പോലെ തോന്നി. മുന്തിയ തരം മൊബൈലിനു വേണ്ടിയും തന്‍റെ കല്യാണ സമയത്ത് തനിക്ക് തന്ന സ്വര്‍ണം കുറഞ്ഞു പോയതു കൊണ്ടും ബാപ്പാനോട് വഴക്ക് കൂടിയതും മറ്റും ആലോചിച്ചു അവളുടെ കണ്ണുകള്‍ ഈറനണിഞ്ഞു.
പഠനസമയത്ത് എത്ര പണമാണ് ധാരാളിത്തതിനു വേണ്ടി ചിലവഴിച്ചത് എന്ന ചിന്ത അവളെ അസ്വസ്ഥയാക്കി.
എപ്പോഴും തങ്ങളെ ലാളിച്ചു മാത്രം ശീലമുള്ള ബാപ്പ… ചോദിക്കുന്നത് എല്ലാം വാങ്ങിത്തരുന്ന ബാപ്പ…
ഇത്രയും വൃത്തികെട്ട അന്തരീക്ഷത്തിലാണല്ലോ വര്‍ഷങ്ങളായി ജീവിക്കുന്നത് എന്നോര്‍ത്ത് അവള്‍ക്കു സങ്കടം വന്നു. യാത്ര ചോദിച്ചു തിരികെ മടങ്ങുമ്പോള്‍ റൂമില്‍ എത്തുന്നത്‌ വരെ അവള്‍ കരയുകയായിരുന്നു.
“ഇക്കാ, ഞാന്‍ ബാപ്പയോട് ചോദിച്ചു എന്‍റെ കൂടെ നാട്ടിലേക്ക് പോരുന്നോ എന്ന്, പക്ഷെ ഇടക്ക് വഴക്ക്പറയുമെങ്കിലും അറബിക്ക് ബാപ്പാനെ വല്യ ഇഷ്ടാണത്രേ. അങ്ങിനെ മതിയാക്കി പോവാന്‍ വിടില്ല എന്ന് പറഞ്ഞു”
അവളുടെ മറുപടിയാണ് അയാളെ ചിന്തകളില്‍ നിന്നും ഉണര്‍ത്തിയത്.
അറബിക്ക് ബാപ്പാനെ വല്യ ഇഷ്ടാണത്രേ, അയാള്‍ക്ക് അത് കേട്ടപ്പോള്‍ ചിരിക്കാനാണ് തോന്നിയത്. ഇനിയുള്ള രണ്ടു പെണ്‍കുട്ടികളെ കൂടി കെട്ടിക്കണമെങ്കില്‍ താന്‍ ഇനിയും ഒരു പത്തു കൊല്ലം കൂടിയെങ്കിലും എന്തും സഹിച്ചും ഇവിടെ നിന്നേ മതിയാവൂ എന്ന് അവളുടെ ബാപ്പ രണ്ടു ദിവസം മുമ്പ് തന്നെ വിളിച്ചു പറഞ്ഞതു തല്‍ക്കാലം അയാള്‍ അവളില്‍ നിന്നും മറച്ചു വെച്ചു.
ഇങ്ങിനെ മണലാരണ്യത്തില്‍കഷ്ടപ്പെടുന്ന ഒരുപാട് ബാപ്പമാരുടെയും , സഹോദരങ്ങളുടെയും വിയര്‍പ്പാണ് നമ്മുടെ ആർഭാടവും കല്യാണവും അഹങ്കാരവുമെല്ലാം?

You may also like...

error: Content is protected !!