വിദ്യാര്‍ത്ഥിക്ക് മുന്നില്‍ മുട്ടിലിരുന്ന് യാചിച്ച് ഒരു പ്രിന്‍സിപ്പാല്‍.!

ചെന്നൈ: വിദ്യാര്‍ത്ഥിക്ക് മുന്നില്‍ മുട്ടുകുത്തി കൈകൂപ്പി ഒരു സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ കുറച്ചുദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ വൈറലാണ് ഈ ചിത്രം.

അമ്പരിപ്പിക്കുന്ന ചിത്രത്തിന് പിന്നില്‍ എന്താണെന്ന് അറിയാനുള്ള ആകാംക്ഷയാണ് സോഷ്യല്‍ മീഡിയയില്‍. തമിഴ്‌നാട്ടിലെ വില്ലുപുരത്താണ് സംഭവം. വില്ലുപുരത്തെ സര്‍ക്കാര്‍ സ്‌കൂളിലെ പ്രിന്‍സിപ്പാള്‍ ജി. ബാലുവാണ് ചിത്രത്തില്‍ കാണുന്നത്.

ക്ലാസില്‍ കയറാന്‍ തന്‍റെ ശിക്ഷ്യനോട് അഭ്യര്‍ത്ഥിക്കുകയാണ് ഈ പ്രിന്‍സിപ്പാള്‍. ജനുവരി 24ന് എടുത്ത ചിത്രം കഴിഞ്ഞ ദിവസമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്.

പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് മുന്നിലാണ് ബാലു മുട്ടുകുത്തിയത്. പതിവായി ക്ലാസില്‍ കയറാത്ത വിദ്യാര്‍ത്ഥിയാണ് ഇയാളെന്നും അതിനാല്‍ ക്ലാസില്‍ കയറാന്‍ അഭ്യര്‍ത്ഥിക്കുകയാണ് താന്‍ ചെയ്തതെന്നും ബാലു കൂട്ടിച്ചേര്‍ത്തു.

അധ്യാപകരുടെ പീഡനത്തെ തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ ജീവനൊടുക്കുന്നത് സംബന്ധിച്ച വാര്‍ത്തകള്‍ പ്രചരിക്കുന്ന കാലത്താണ് വ്യത്യസ്തനായ അധ്യാപകനെക്കുറിച്ചുള്ള വാര്‍ത്ത പുറത്ത് വന്നത്. പതിവായി സ്‌കൂളില്‍ എത്താത്ത മിക്ക വിദ്യാര്‍ത്ഥികളുടേയും വീടുകളില്‍ എത്തി ബാലു സമാനമായ അഭ്യര്‍ത്ഥന നടത്തിയിരുന്നു.

ആയിരത്തോളം വിദ്യാര്‍ത്ഥികള്‍ വില്ലുപുരത്തെ സര്‍ക്കാര്‍ സ്‌കൂളില്‍ പഠിക്കുന്നുണ്ട്. കൂടുതലും കര്‍ഷകരുടെ മക്കളാണ് ഈ സ്‌കൂളില്‍ പഠിക്കുന്നത്. കുട്ടികളുടെ കുടുംബവമായി ബന്ധം സ്ഥാപിക്കുന്നതിന് ഇവരുടെ വീടുകളില്‍ പതിവായി സന്ദര്‍ശനം നടത്താറുണ്ട് ബാലു.

വരും തലമുറയെ നേര്‍വഴിക്ക് നടത്താനാണ് തന്റെ ശ്രമമെന്ന് ബാലു പറഞ്ഞു. ഞാന്‍ സര്‍ക്കാര്‍ സ്‌കൂളില്‍ പഠിച്ചയാളാണ്. കുട്ടികളെ നന്നാക്കാനാണ് എന്റെ ശ്രമം. അവിടെ ഈഗോയ്ക്ക് സ്ഥാനമില്ല.

എല്ലാ അധ്യാപകരും വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ മുട്ടുകുത്തി കൈകൂപ്പണമെന്ന് ഞാന്‍ പറയുന്നില്ല. എന്നാല്‍ വിദ്യാര്‍ത്ഥികളോട് സൗഹാര്‍ദപരമായി ഇടപെടാന്‍ അധ്യാപകര്‍ തയാറാകണം-ബാലു പറഞ്ഞു.