സ്കൂളിലെ ഫ്രീക്കന്മാരെ പിടികൂടി അധ്യാപകൻ മുടിവെട്ടു കടയില്‍, വീഡിയോ വൈറല്‍

സ്‌കൂളിലെ കുട്ടിഫ്രീക്കന്മാരെ ബാര്‍ബര്‍ ഷോപ്പില്‍ കൊണ്ടുപോയി മുടിവെട്ടിച്ച അധ്യാപകന്റെ വീഡിയോ വൈറല്‍. എറണാകുളം ഇടപ്പള്ളി ഹൈസ്‌കൂളിലെ ഹിന്ദി അധ്യാപകനായ ശ്രീകുമാറാണ് കുട്ടികളെ നിര്‍ബന്ധിച്ച് മുടിവെട്ടിച്ചത്.

ആണ്‍കുട്ടികള്‍ മുടിനീട്ടിവളര്‍ത്തി വരുന്നത് ശ്രദ്ധയില്‍പെട്ടിട്ട് നാളുകളായി. ആദ്യമൊക്കെ ശാസിച്ചുനോക്കി. പിന്നീട് വഴക്കുപറയുകയും രക്ഷിതാക്കളെ അറിയിക്കാനും ശ്രമിച്ചു.എന്നിട്ടും രക്ഷയില്ലെന്നു കണ്ടിട്ടാണ് താന്‍ നേരിട്ട് കുട്ടികളെയും കൂട്ടി ബാര്‍ബര്‍ഷോപ്പില്‍ എത്തിയതെന്ന് ശ്രീകുമാര്‍ പറയുന്നു.

വിദ്യാര്‍ത്ഥികളുടെ വ്യക്തിശുചിത്വത്തിന്റെയും സ്‌കൂളിന്റെ അച്ചടക്കത്തിന്റെയും ഭാഗമായാണ് അധ്യാപകന്‍ ഇങ്ങനെ ചെയ്തത്. മുടിവെട്ടിച്ചിട്ടും കുട്ടികള്‍ക്ക് വിരോധമോ ദേഷ്യമോ തോന്നിയില്ലെന്നും,പകരം ഒരുമിച്ച് പോയതിന്റെ തൃല്ലില്ലാണ് എല്ലാവരുമെന്നും ശ്രീകുമാര്‍ പറയുന്നു.

മുടിവെട്ടിക്കുന്നതിനിടയില്‍ ബാര്‍ബര്‍ ഷോപ്പില്‍ നിന്നും കുട്ടികള്‍ ചോദിക്കുന്നുണ്ട് ഞങ്ങളെ കൊല്ലാതിരിക്കാന്‍ പറ്റുമോ സര്‍, എന്ന ചോദ്യം നര്‍മ്മം വീഡിയോയില്‍ പരത്തി.

സ്‌കൂള്‍ യുണീഫോമില്‍ കുട്ടികള്‍ മുടിവെട്ടാന്‍ ബാര്‍ബര്‍ഷോപ്പില്‍ എത്തിയത് കണ്ട നാട്ടുകാരന്‍ ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തുകയായിരുന്നു. നാല്‍പതിനായിരത്തോളം പേരാണ് ഇപ്പോള്‍ ഈ അധ്യാപകന്റെയും കുട്ടികളുടെയും വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്.