സ്മാര്‍ത്തവിചാരം

1901 ല്‍ കോട്ടയത്ത് നടന്ന ഒരു സ്മാര്‍ത്തവിചാരം
ഒരു നൂറ്റാണ്ട് മുമ്പുവരെ കേരളത്തില്‍ നിലനിന്നിരുന്ന ഒരു സാമൂഹ്യ ദുരാചാരമായിരുന്നു സ്മാര്‍ത്തവിചാരം. നമ്പൂതിരി ബ്രാഹ്മണസമുദായത്തിലെ സ്ത്രീകളിൽ അന്യപുരുഷബന്ധം ആരോപിക്കപ്പെട്ടാല്‍ അവരെ “പടിയടച്ച് പിണ്ഡം വയ്ക്കുന്ന” പ്രാകൃതസമ്പ്രദായം ആയിരുന്നു അത്. കുടുംബത്തില്‍നിന്നു മാത്രമല്ല സമൂഹത്തില്‍നിന്നുപോലും പുറത്താക്കപ്പെട്ട സ്ത്രീകളുടെ പിന്നീടുള്ള ജീവിതം ദുരിതപൂര്‍ണ്ണമായിരിക്കും. ഇവരോട് അനുകമ്പ തോന്നി കീഴ്ജാതിക്കാരായ ആരെങ്കിലും സംരക്ഷിക്കാന്‍ തയാറായാല്‍ മാത്രം പിന്നീടൊരു ജീവിതമുണ്ടാകാം. അല്ലെങ്കില്‍ ദുരിതപൂര്‍ണ്ണമായ അവസ്ഥയില്‍ ജീവിതം ഒടുങ്ങും. ഇത്തരത്തില്‍ നിരപരാധികളായ അനേകം പെണ്‍കുട്ടികള്‍ നൂറ്റാണ്ടുകളോളം ഈ ദുരാചാരങ്ങള്‍ക്ക് ഇരയായിട്ടുണ്ട്.
കേരളത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ് താത്രിക്കുട്ടിയുടെ സ്മാര്‍ത്തവിചാരം. അതും ഇതേ കാലഘട്ടത്തില്‍ തന്നെയാണ് നടന്നത്. എന്നാല്‍ അധികമാരും കേട്ടിട്ടില്ലാത്ത ഒരു സംഭവമാണ് കോട്ടയത്തു നടന്നത്.
കോട്ടയത്തെ മുട്ടമ്പലത്ത് പെരിങ്ങര ഇല്ലത്തെ പതിമൂന്നു വയസുള്ള ഒരു പെണ്‍കുട്ടി കോട്ടയത്ത് ജോലിക്കായി എത്തിയിരുന്ന തൃശൂരിലെ കൊരട്ടിക്കാരനായ കുഞ്ഞുണ്ണിത്തമ്പാന്‍ എന്ന യുവാവുമായി പ്രണയത്തിലായി. മാതാപിതാക്കളും ബന്ധുക്കളുമെല്ലാം ഗുണദോഷിച്ചിട്ടും പെണ്‍കുട്ടി ഈ ബന്ധത്തില്‍നിന്നും പിന്മാറാന്‍ തയാറായില്ല, എന്നുമാത്രമല്ല അനുദിനം കമിതാക്കള്‍ തങ്ങളുടെ കൂടിക്കാഴ്ചകള്‍ തുടര്‍ന്നുകൊണ്ടുമിരുന്നു. അന്യസമുദായക്കാരനായ ഒരാള്‍ക്ക്‌ ഒരു വിധത്തിലും മകളെ വിവാഹം കഴിച്ചു നല്‍കാനാവാത്ത അക്കാലത്ത് കുട്ടിയുടെ പിതാവ് പല വിധത്തിലും ആലോചിച്ചിട്ടും ഒരു പരിഹാരവും കാണാതെ സ്മാര്‍ത്തവിചാരം നടത്തുന്നതിനു നിര്‍ബന്ധിതനായി എന്നാണു കേള്‍ക്കുന്നത്. അതല്ലായെങ്കിൽ സ്വസമുദായത്തിൽനിന്ന് കുടുംബത്തോടെ ഭ്രഷ്ട് നേരിടേണ്ടിവരും.
കുട്ടിയുടെ അച്ഛന്‍ കുമാരനല്ലൂര്‍ ബ്രാഹ്മണയോഗത്തില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്മാര്‍ത്തവിചാരത്തിനുള്ള നടപടികള്‍ ആരംഭിച്ചു. സ്മാര്‍ത്തവിചാരത്തിനു വിധേയയാകുന്ന പെണ്‍കുട്ടിയെ “സാധനം” എന്നേ പറയാന്‍ പാടുള്ളൂ! വിചാരത്തിനെത്തുന്ന പ്രമാണിയെ സ്മാര്‍ത്തന്‍ എന്നാണ് പേര്. സ്മാര്‍ത്തന്‍ വിവരങ്ങള്‍ അറിയിക്കുന്നത് മീമാംസകരെയാണ്. തീര്‍പ്പ് കല്‍പ്പിക്കേണ്ടത് അവരാണ്. അവര്‍ സ്ഥലത്തെത്തിയാല്‍ വേണ്ടുന്ന ഉപചാരങ്ങള്‍ നല്‍കി ക്ഷേത്രസങ്കേതത്തില്‍ വസിപ്പിക്കണം. സാധനത്തിനെ ഇല്ലത്തിനു സമീപം തന്നെ ഒരു ഓലപ്പുര കെട്ടി വസിപ്പിക്കുന്നു. കൂട്ടിനായി ഒരു നായര്‍സ്ത്രീയെയും ഏര്‍പ്പെടുത്തും. അവരെ ദാസി എന്നാണ് പറയുക. ഭക്ഷണമുണ്ടാക്കി കൊടുക്കുകയും കൂട്ടുകിടക്കുകയുമൊക്കെ അവരുടെ ചുമതലയാണ്.
കുട്ടിയുടെ പിതാവ് വലിയൊരു തുക യോഗത്തിലേക്ക് കെട്ടിവയ്ക്കുന്നത് കൂടാതെ സര്‍ക്കാരിലേയ്ക്കും പണം നല്‍കണം. അപേക്ഷപ്രകാരമുള്ള തിരുവിതാംകൂര്‍ മഹാരാജാവിന്‍റെ നീട്ടുകള്‍ മീമാംസകര്‍ക്കും സ്മാര്‍ത്തനും തഹസില്‍ദാര്‍ക്കും ലഭിച്ചതിനു ശേഷമാണ് ഇതെല്ലാം ആരംഭിക്കുന്നത്. മുട്ടമ്പലത്തിനടുത്തുള്ള തൃഗൌതമപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിനു സമീപം മീമാംസകരും സ്മാര്‍ത്തനും തഹസില്‍ദാരും ഒത്തുചേര്‍ന്ന ആലോചനായോഗത്തില്‍വച്ച് കുട്ടിയുടെ പിതാവ് ഒരു തുക ദക്ഷിണയായി വച്ചതോടെ വിചാരിപ്പ് ആരംഭിച്ചു.
ആദ്യമായി ദാസീവിചാരമാണ്. സ്മാര്‍ത്തന്മാര്‍ ആദ്യമായി തെളിവെടുക്കുന്നത് ദാസിയില്‍നിന്നായിരിക്കും. പെണ്‍കുട്ടിയുമായുള്ള സമ്പര്‍ക്കത്തില്‍ ദാസി ഏറെക്കുറെ കാര്യങ്ങള്‍ ഗ്രഹിച്ചിരിക്കുമല്ലോ. ദാസിയില്‍നിന്നും ഗ്രഹിച്ച വിവരം സ്മാര്‍ത്തന്‍ മീമാംസകരെ അറിയിച്ചു. പിന്നീടാണ് പെണ്‍കുട്ടിയെ വിചാരത്തിനു വിധേയയാക്കുന്നത്. രണ്ടുമൂന്നു ദിവസങ്ങള്‍ നീണ്ടുനിന്ന ഈ വിചാരിപ്പില്‍ പെണ്‍കുട്ടി തന്‍റെ ഉറച്ച നിലപാടുകള്‍ കൂസലില്ലാതെ സ്മാര്‍ത്തനെ അറിയിച്ചു എന്നാണു കേട്ടുവരുന്നത്. പെണ്‍കുട്ടി കഴിയുന്ന “അഞ്ചാമ്പുര”യുടെ പുറത്തുനിന്നാണ് സ്മാര്‍ത്തനും തഹസില്‍ദാരും തെളിവെടുപ്പ് നടത്തുന്നത്. ഈ ദിവസങ്ങളില്‍ മറ്റാര്‍ക്കും അങ്ങോട്ടേയ്ക്ക് പ്രവേശനമില്ല. കുട്ടി പുരയില്‍ കഴിയുന്നതല്ലാതെ പുറത്തുവരാന്‍ പാടില്ല. അച്ഛനമ്മമാരോ ബന്ധുക്കളോ സാധനത്തിനെ കാണാന്‍ പോലും പാടില്ല.
അതതു ദിവസങ്ങളില്‍ തെളിവെടുത്ത വിവരങ്ങള്‍ സ്മാര്‍ത്തന്‍ മീമാംസകരെ അറിയിച്ചുകൊണ്ടിരുന്നു. അങ്ങനെ വിചാരിപ്പിന് ശേഷം മീമാംസകര്‍ തീര്‍പ്പ് കല്പിക്കപ്പെട്ടു. അത് പുറത്തറിയിക്കുന്നത് ഒരു കുട്ടിപ്പട്ടരാണ്. അയാള്‍ ഒരു പലകത്തട്ടില്‍ കയറിനിന്ന് സ്മാര്‍ത്തവിചാരത്തിന്‍റെ തീരുമാനം പ്രഖ്യാപിച്ചു. അതിന്‍പ്രകാരം സാധനവും സാധനത്തെ ദുഷിപ്പിച്ച പുരുഷനും ഭ്രാഷ്ടരായതായും അവരെ പുറന്തള്ളുന്നതായും അറിയിച്ചു.
പിന്നീട് പെണ്‍കുട്ടി മരിച്ചുപോയതായി സങ്കല്പിച്ച് മരണാനന്തരചടങ്ങുകള്‍ ഇല്ലത്തില്‍ നടത്തി. “അടിയന്തിര”ത്തിനു വിഭവസമൃദ്ധമായ സദ്യയും നടത്തി. അതിനുശേഷം ബ്രഹ്മണര്‍ക്ക് പ്രായശ്ചിത്തമായി ഒരു സ്വര്‍ണ്ണക്കട്ട ദാനം ചെയ്തു. പെണ്‍കുട്ടിയുമായുള്ള എല്ലാ ബന്ധവും വിച്ചേദിച്ച് നാക്കുകൊണ്ടും നോക്കുകൊണ്ടും ഒരു സമ്പര്‍ക്കവുമുണ്ടാകാതിരിക്കാന്‍ എല്ലാവരോടും നിര്‍ദ്ദേശിച്ചു. അനന്തരം പെണ്‍കുട്ടിയെ അടുത്തുള്ള ഒരു നായര്‍ഭവനത്തില്‍ തല്ക്കാലം കൊണ്ടിരുത്തി.
പെണ്‍കുട്ടിക്ക് കഴിഞ്ഞുകൂടുന്നതിനായി സര്‍ക്കാര്‍ ഒരു ചെറിയ തുക അനുവദിച്ചുവെങ്കിലും അവള്‍ പുച്ഛത്തോടെ അത് നിരസിക്കുകയാണുണ്ടായത്. തന്‍റെ പ്രിയതമന്‍ എത്തി തന്നെ സംരക്ഷിച്ചു കൊള്ളുമെന്നും തനിക്ക് ആരുടേയും സഹായം ആവശ്യമില്ലെന്നും തന്‍റെ പ്രാണപ്രിയനോട് ചേരുന്നതില്‍ ഇത്തരമൊരു വിചാരിപ്പിലൂടെ സാധ്യമായതില്‍ നന്ദിയുണ്ടെന്നും തഹസില്‍ദാരോട് അറിയിച്ചു.
അടുത്തദിവസം തന്നെ കുഞ്ഞുണ്ണിത്തമ്പാന്‍ എത്തിച്ചേര്‍ന്നു. അയാള്‍ “സാധന”ത്തിനെ താന്‍ എറ്റുവാങ്ങിച്ചിരിക്കുന്നുവെന്നും മരണം വരെ അതിനെ സംരക്ഷിച്ചുകൊള്ളാമെന്നും തഹസില്‍ദാര്‍ക്ക് ഉറപ്പുകൊടുത്തു. അനുമതി ലഭിച്ചതോടുകൂടി ആ യുവമിഥുനങ്ങള്‍ ഒന്നിച്ച് പുതിയൊരു ജീവിതം ആരംഭിക്കുകയും ചെയ്തു. കുഞ്ഞുണ്ണിത്തമ്പാന് കോട്ടയത്ത് എന്‍ജിനീയര്‍ ആഫീസില്‍ ജോലികിട്ടിയതിനെ തുടര്‍ന്ന് കോടിമതയില്‍ ഒരു വീട് വാടകയ്ക്ക് എടുത്ത് അവര്‍ താമസം തുടങ്ങി. പെണ്‍കുട്ടിയുടെ പിതാവ് പിന്നീട് അവിടെയെത്തി കണ്ടുവെന്നും അവര്‍ക്ക് കഴിഞ്ഞു കൂടുന്നതിന് വേണ്ടുന്ന സാമ്പത്തികസഹായങ്ങളും വീട്ടുപകരണങ്ങളും നല്‍കിയതായും പഴമക്കാര്‍ പറഞ്ഞത് കേട്ടിട്ടുണ്ട്.
(സ്വന്തം അന്വേഷണപഠനങ്ങൾ ആധാരമാക്കി എഴുതിയത്.അക്കാലത്തെ പത്രവാർത്തകളോടും വിവരങ്ങൾ കഴിഞ്ഞ തലമുറയിൽനിന്ന് കേട്ടറിഞ്ഞ് പറഞ്ഞുതന്നവരോടും കടപ്പാട്)
Written by Rajeev Pallikkonam

You may also like...

error: Content is protected !!