ഹണ്ടേസറ : പഞ്ചാബിലെ മീറ്റ് എക്സ് പോർട്ടിംങ്ങ് ഫാക്ടറികളിലെ ക്രൂരതകൾ….

ഹണ്ടേസറ : പോത്തുകളുടെ ഗ്വാണ്ടനാമോ..
പഞ്ചാബിലെ ഹണ്ടേസറ ഗ്രാമത്തിൽ, വരിവരിയായി നിൽക്കുന്ന എരുമകൾക്ക് ഗർഭം ഉണ്ടോ എന്ന് മൃഗഡോക്ടർ ചെക്ക് ചെയ്യുന്ന സുപ്രധാനമായ കാഴ്ച്ച കാണാൻ ആകാംക്ഷയോടെ കാത്തു നിൽക്കുകയാണ് ഞാൻ….!!
പഞ്ചാബിലാണ് ഹണ്ടേസറ,
ചണ്ഡീഗഡിൽ നിന്നും അംബാല പോകുന്ന വഴിക്കു ദെറാബസ്സിയിൽ നിന്നും പത്തിരുപതു കിലോമീറ്റർ ഉള്ളിലുള്ള കുഗ്രാമം…
ഞാൻ കാത്തു നിൽക്കാൻ കാരണമുണ്ട്…!!
ഇതെന്റെ ജോലിയുടെ ഭാഗമാണ്…കയറ്റുമതി ചെയ്യുന്ന ഇറച്ചിയിൽ ഗർഭിണികൾ ഉണ്ടായിക്കൂടാ..അത് നിർബന്ധമാണ്…
ഈ നിൽക്കുന്നവയിൽ ചിലതിനെയെങ്കിലും ഇന്നലെ ഞാൻ വരുന്ന വഴി കണ്ടിട്ടുണ്ടാവണം…പക്ഷെ തിരിച്ചറിയാൻ പ്രയാസമാണ്…ജപ്പാൻകാരെ പോലെയാണ് പോത്തുകൾ… തമ്മിൽ തിരിച്ചറിയാൻ കഴിയില്ല…എല്ലാത്തിനും ഒരേ നിറം രൂപം ഭാവം മണം…
ദേറാബസ്സി കഴിഞ്ഞാൽ പിന്നെ കണ്ണെത്താത്ത ഗോതമ്പു പാടങ്ങളാണ്..സ്വർണനിറം…
ചിലയിടങ്ങളിൽ സൂര്യ കാന്തി പാടങ്ങൾ..
ഗ്രാമീണരെല്ലാം പതിവ് പോലെ ദരിദ്രരാണ്…
ചെറിയ കുടിലുകൾ…ഇഷ്ടികക്കളങ്ങൾ മിക്ക വീട്ടു മുറ്റത്തും പോത്തുകളുണ്ട്….മുറ്റത്തു മാത്രമല്ല പല വീടുകളുടെയും പൂമുഖത്തും പോത്തുകളെ കെട്ടിയിട്ടിട്ടുണ്ട്…
ഗ്രാമീണരുടെ ഗ്രാമീണരായ കുട്ടികൾ മുറ്റത്തു കളിക്കുന്നത് കാരണവന്മാരായ ചില പോത്തുകൾ വാത്സല്യത്തോടെ നോക്കുന്നു…കിളിച്ചുണ്ടൻ വെറ്റില കണക്കെ വൈകോൽ അയവിറക്കുന്നു…
വരി വരിയായി നിൽക്കുന്ന അരുമകളായ ഈ എരുമകൾ തങ്ങളുടെ ഊഴം കാത്തു നിൽക്കുകയാണ്..പാൻപരാഗ് തിന്നുന്ന ഹിന്ദിക്കാരൻ ഡോക്ടർ വന്നു….അറുപത്തഞ്ചു രൂപയുടെ പ്രെഗ്നസി കിറ്റ്‌ കാണും ഡോക്ടറുടെ കയ്യിൽ …അതിൽ എരുമ മൂത്രം ഒറ്റിക്കുമ്പോൾ രണ്ടു വര തെളിഞ്ഞാൽ ആ മൂത്രത്തിന് ഉത്തരവാദിയായ എരുമ അമ്മയാവാൻ പോവുന്നു എന്നർത്ഥം…
ആണുങ്ങൾക്ക് പോലും പേടി തോന്നേണ്ട ഒരു സാഹചര്യം ആണ് ഇത്…എങ്ങാനും
രണ്ടു വര തെളിഞ്ഞാലോ….
ഇവറ്റകൾക്കു പക്ഷെ യാതൊരു ടെൻഷനും ഇല്ല….പോത്തുകൾ..
ഡോക്ടർ ഒന്നാമത്തെ എരുമയുടെ അടുത്ത് ചെന്നു… മുഖത്തു സൂക്ഷിച്ചു നോക്കി…അടുത്ത് കുനിഞ്ഞു നിന്ന് എരുമയുടെ വയറു ഭാഗത്തൊന്ന് നോക്കി..നഹീ…നഹീ..ന്നു പറഞ്ഞു അവിടെയുള്ള ഒരു പണിക്കാരനോട് കയ്യുകൊണ്ടു ആംഗ്യം കാണിച്ചു…
പാൻപരാഗ് തിന്നുന്ന പണിക്കാരൻ ആ എരുമയെ അപ്പുറത്തെ വലിയ തൊഴുത്തിലേക്കു മാറ്റി…
അടുത്തതു വന്നു…ഡോക്ടർ കുനിഞ്ഞു..
നഹി നഹീന്നു പറഞ്ഞു…പാൻപരാഗ് തിന്നുന്ന മറ്റൊരാൾ അതിനെയും തൊഴുത്തിലേക്ക് മാറ്റി…
എനിക്ക് രണ്ടു കാര്യങ്ങൾ മനസ്സിലായി…ഒന്ന്…ഈ ഗർഭ പരിശോധന എന്നെ പറ്റിക്കാനുള്ള ഒരു നാടകമാണ്…അവിടെ ഗർഭമുള്ളതും ഇല്ലാത്തതുമായ എല്ലാ മൃഗങ്ങളെയും അറുക്കുന്നുണ്ട്…പോത്തായാൽ മതി..‌
രണ്ട്…അവിടെയുള്ള ഹിന്ദിക്കാരെല്ലാം പാൻ പരാഗ് തിന്നുന്നവരാണ്….
ദെറാബസ്സിയിൽ നിന്ന് നോക്കിയാൽ രണ്ടു തരത്തിലുള്ള കാഴ്ച്ചകൾ കാണാം…ഒരു വശത്തു ഗ്രാമീണരായ കർഷകരും അവരുടെ അരുമകളായ എരുമകളും ഒരുമയോടെ ജീവിക്കുന്നു..സ്നേഹം..ദയ …കരുണ…ചാണകം… ഈശ്വരവിശ്വാസം..സൂര്യകാന്തിപ്പൂവുകൾ..
ഗോതമ്പു പാഠങ്ങൾ …അലസരും സ്നേഹ നിധികളുമായ പോത്തുകൾ…
മറുവശത്തു ഈ പോത്തുകളെ ക്രൂരമായി കൊന്നു കശാപ്പു ചെയ്തു വിൽക്കുന്ന കുത്തക മുതലാളിമാർ…ഒരു കണക്കിന് ജർമനിയിലെ നാസി കോൺസൻട്രേഷൻ ക്യാമ്പുകൾക്ക് തുല്യമാണ് ഹണ്ടേസറയിലെ മീറ്റ് എക്സ് പോർട്ടിംങ്ങ് ഫാക്ടറികൾ..ഭക്ഷണമില്ലാതെ ദിവസങ്ങൾ..ക്രൂരമായപീഠനങ്ങൾ…കൊല്ലുന്നതിന് മുൻപ് ഇലക്ട്രിക് ഷോക്ക് അടിപ്പിക്കും…. കഴുത്തറുത്തതിനു ശേഷം വീണ്ടും ശക്തിയേറിയ ഇലക്ട്രിക് ഷോക്ക്…പിടഞ്ഞു തീരുന്നതിനു മുൻപ് തലകീഴായി കെട്ടി തൂക്കും…ബ്ലഡ് മൂന്നിരട്ടി വേഗത്തിൽ പുറത്തേക്കു തെറിക്കും…പെട്ടന്ന് മരിക്കാനാണിത്….കണ്ണും കരളും മുതൽ വാൽ തലപ്പിലെ രോമം പോലും വേർതിരിച്ചു വിൽക്കപ്പെടും…
ഒരു വലിയ ട്രേയ് മുഴുവൻ ചൂഴ്ന്നെടുക്കപ്പെട്ട കണ്ണുകൾ ഫ്രീസറിനു മുന്നിൽ ഊഴം കാത്തു കിടക്കുന്നതു ഞാൻ കണ്ടിട്ടുണ്ട്….
കാശിനു വേണ്ടിയിട്ടാണെങ്കിലും ഇങ്ങനെയൊന്നും ചെയ്യരുതെന്ന് പറയണം സാറേ….എന്ന് പറയുന്നത് പോലെ തോന്നും…
ഇതൊക്കെയാണ് നിരോധിക്കേണ്ടത് എന്നാണ് എന്റെ ഒരു ഇത്…മതത്തിന്റെ പേരിലല്ല…മനുഷ്യത്വത്തിന്റെ പേരിൽ ….

പതിനേഴു ദിവസങ്ങൾക്കു ശേഷം അവിടെ നിന്നു തിരിച്ചു പോന്നു ….
സ്വർണനിറമാർന്ന ഗോതമ്പു പാടങ്ങളിൽ അടുത്ത പോത്തുംകുട്ടികൾ ഉദിച്ചു വരുന്നുണ്ട്….
സൂര്യകാന്തികൾ മുഴുവൻ വിരിഞ്ഞിരിക്കുന്നു….
വസന്തം വന്നിരിക്കുന്നു….
കടപ്പാട് : സുഹൈൽ പല്ലത്ത്

You may also like...

error: Content is protected !!